സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ; ആടൂര്‍ പ്രകാശ് യുഡിഎഫ് കൺവീനർ
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിന് പുതിയ നേതൃത്വം. ആഴ്ചകളായി നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് കെ സുധാകരനെ മാറ്റി സണ്ണി ജോസഫിനെ പുതിയ കെപിസിസി അധ്യക്ഷനായി ഹൈക്കമാൻഡ് നിയമിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തുവിട്ടു. കെ സുധാകരനെ പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവായി തുടരുന്നതിനും തീരുമാനമായി. സണ്ണി ജോസഫ് 2011 മുതൽ പേരാവൂർ എംഎൽഎയായും മുൻ ഡിസിസി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുള്ള മുതിർന്ന നേതാവാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും വിഡി സതീശനും ആന്റോ ആന്റണിയെ അധ്യക്ഷനാക്കണമെന്നാണ് നിര്‍ദേശിച്ചത്. എന്നാല്‍ ഇതിന് കെ സുധാകരന്‍ വഴങ്ങിയില്ല. തുടര്‍ന്ന് പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് അടുപ്പക്കാരനായ സണ്ണി ജോസഫിനെ കെ സുധാകരന്‍ പിന്തുണയ്ക്കുകയായിരുന്നുവെന്നാണ് വിവരം. യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നു എം.എം. ഹസ്സനെ മാറ്റി, പകരം ആടൂര്‍ പ്രകാശിനെ ചുമതലപ്പെടുത്തി. പുതിയ വർക്കിങ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥ് എംഎൽഎ, എ.പി. അനിൽകുമാർ എംഎൽഎ, ഷാഫി പറമ്പിൽ എംപി എന്നിവരെയും നിയമിച്ചു.